തിരയുക

"അമേരിക്കൻ രാജ്യങ്ങളുടെ സമിതി"യിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോ "അമേരിക്കൻ രാജ്യങ്ങളുടെ സമിതി"യിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോ 

വെനസ്വേലയിൽ സംവാദങ്ങൾക്കും സഹകരണത്തിനും ആഹ്വാനം ചെയ്‌ത്‌ പരിശുദ്ധസിംഹാസനം

അടുത്തിടെ നടന്ന പ്രെസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെനസ്വേലയിലുണ്ടായ പ്രശ്‌നപരിഹാരത്തിനായി പരസ്പരസംവാദങ്ങളുടെയും, പൊതുവായ പ്രവർത്തനങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ് പരിശുദ്ധ സിംഹാസനം. "അമേരിക്കൻ രാജ്യങ്ങളുടെ സമിതി" വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെ, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രജ്ഞനും ഈ സമിതിയിലേക്കുള്ള സ്ഥിരം നിരീക്ഷകനുമായ മോൺസിഞ്ഞോർ ഹുവാൻ അന്തോണിയോയാണ്, വെനസ്വേലയിലെ പ്രാദേശികകത്തോലിക്കാ സഭാ നേതൃത്വം കഴിഞ്ഞ ദിവസം അവലംബിച്ച നയം ആവർത്തിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വെനസ്വേലയിലെ മെത്രാൻ സമിതി മുൻപുതന്നെ വ്യക്തമാക്കിയതുപോലെ, ജനാധിപത്യത്തിനായുള്ള ഒരു വിളിയാണ്, ബഹുഭൂരിപക്ഷം ജനങ്ങളും പങ്കെടുത്ത അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ തങ്ങൾ കാണുന്നതെന്ന് "അമേരിക്കൻ രാജ്യങ്ങളുടെ സമിതി"യിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ ഹുവാൻ അന്തോണിയോ ക്രൂസ് സെറാനോ. വെനസ്വേലയിലെ തിരഞ്ഞെടുപ്പ്ഫലങ്ങളെക്കുറിച്ച് ചർച്ചചെയ്യുവാനായി, ജൂലൈ 31 ബുധനാഴ്ച, അമേരിക്കയിലെ വാഷിങ്ടണിൽ അമേരിക്കൻ രാജ്യങ്ങളുടെ സംഘടനയുടെ ഉപദേശകസമിതി വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോൺസിഞ്ഞോർ ഹുവാൻ അന്തോണിയോ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്നുവരുന്ന വിവിധ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും, ഇന്നുവരെ വെനസ്വേലയിൽ നിലനിന്നിരുന്ന അതെ സമാധാനപൂർണമായ ഒരു അന്തരീക്ഷത്തിലും, പരസ്പര ബഹുമാനത്തോടും, സഹിഷ്ണുതയോടും കൂടി വേണം നടത്തേണ്ടതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.

പരസ്പരസംവാദങ്ങളും, എല്ലാവരുടെയും പൂർണ്ണമായ പങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ, നിലവിലെ സങ്കീർണ്ണമായ അവസ്ഥയെ മറികടക്കാൻ സാധിക്കൂ എന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ പ്രസ്താവിച്ചു. അത്തരമൊരു സാഹചര്യത്തിലൂടെയേ രാജ്യത്ത് ജനാധിപത്യപരമായ സഹവാസത്തിന്റെ സാക്ഷ്യം നൽകാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൻപത്തിയൊന്ന് ശതമാനം വോട്ടുകളോടെ താൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രെസിഡന്റ് നിക്കോളാസ് മദൂറോയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുന്നതിനിടെയാണ് പരസ്പരസംവാദങ്ങൾക്കും, ജനാധിപത്യവാഴ്ചയ്ക്കും ആഹ്വാനം ചെയ്‌ത്‌ സഭ മുന്നോട്ടുവന്നത്. തങ്ങളുടെ സ്ഥാനാർത്ഥിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2024, 15:10