ഒളിമ്പിക്‌സ് മത്സരങ്ങളിലൂടെ സമൂഹത്തിൽ ഐക്യവും സന്ധിയും വളർത്തുക: വത്തിക്കാൻ കായിക വിഭാഗം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്ത് യുദ്ധങ്ങളും, സംഘർഷങ്ങളും, അനീതിയും നടമാടുമ്പോൾ, ജൂലൈ 26-ന് ഫ്രാൻസിലെ പാരീസിൽ ആരംഭിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങൾ, യുദ്ധങ്ങൾ അവസാനിപ്പിക്കാനും, അഭയാർത്ഥികൾ ഉൾപ്പെടെ ഏവരെയും ചേർത്തുപിടിക്കാനുമുള്ള ഒരു അവസരമാണെന്നോർമ്മിപ്പിച്ച് വത്തിക്കാൻ കായിക വിഭാഗം. ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കായി ജൂലൈ 24 ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് കായികമത്സരങ്ങളിലൂടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് വത്തിക്കാൻ കായികവിഭാഗം ഓർമ്മിപ്പിച്ചത്.
ഒളിമ്പിക്‌സ് മാനവികതയെ സന്ധിയിലേക്ക് നയിക്കുന്നതിനുള്ള ഒരു അവസരമായി മാറണമെന്നും, മത്സരങ്ങളിൽ അഭയാർഥികളുടെ ഒരു സംഘത്തെക്കൂടി പങ്കെടുപ്പിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾവഴി, ഇരുട്ടിലായിരുന്ന മാനവികതയ്ക്കും, കായികകുടുംബത്തിനുമുള്ള സമാധാനനിർദ്ദേശങ്ങളാണ് ഫ്രാൻസിസ് പാപ്പാ നൽകിയിരുന്നതെന്ന് വത്തിക്കാൻ കായികവിഭാഗം തങ്ങളുടെ സന്ദേശത്തിൽ എഴുതി.
ഫ്രാൻസിസ് പാപ്പാ പലവുരു പറഞ്ഞതുപോലെ, ലോകത്ത് ഭീകരത വിതച്ചുകൊണ്ട് വിവിധയിടങ്ങളിലായി നടന്നുവരുന്ന മൂന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിക്കാൻ സാധിക്കാത്തപ്പോഴും, കൂടുതൽ സാഹോദര്യം ജീവിക്കാൻ സാധിക്കുന്ന ഒരു മാനവികതയെന്ന സാധ്യത മുന്നോട്ടുവയ്ക്കുന്ന സ്ത്രീപുരുഷന്മാരുടെ ചരിത്രമായി ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് എന്നിവ മാറുന്നുണ്ടെന്ന് വത്തിക്കാൻ സംഘം തങ്ങളുടെ കത്തിൽ കുറിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ടോക്കിയോയിൽ വച്ച്, ഒളിമ്പിക് കമ്മറ്റി, "കൂടുതൽ വേഗത്തിലും, ഉയരത്തിലും, ശക്തിയിലും " എന്ന മുദ്രാവാക്യത്തോട്, "ഒരുമിച്ച്" എന്ന വാക്ക് കൂട്ടിച്ചേർത്തതിനെ പരാമർശിച്ച വത്തിക്കാൻ കായികവിഭാഗം, ഇന്ന്, കായികരംഗത്ത് ഉയർന്നുകേൾക്കേണ്ട വാക്ക് "സാമീപ്യം" എന്നതാണെന്ന് ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ തങ്ങൾക്ക് നൽകിയ നിർദ്ദേശമാണിതെന്ന് സംഘം വ്യക്തമാക്കി.
കായികരംഗത്ത് നാമാരും ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിച്ച വൃത്തിക്കാൻ സംഘം, ഒരു ടീം, കുടുംബം, സമൂഹം ഒക്കെ നമ്മുടെ കൂടെയുണ്ടെന്ന് മറക്കരുതെന്ന് ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് മത്സരാർത്ഥികളെ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, കുറുക്കുവഴികൾ തേടാതെയും, സത്യസന്ധമായും മത്സരങ്ങളിൽ പങ്കെടുക്കാനും, ഇത് പ്രത്യാശയുടെ ഒരു അവസരമാക്കി മാറ്റാനും ഒളിമ്പിക്‌സ് മത്സരങ്ങളെ സമാധാനത്തിന്റെ തന്ത്രങ്ങളും, യുദ്ധക്കളികൾക്കുള്ള മറുമരുന്നും ആക്കി മാറ്റാനും വത്തിക്കാൻ കായിക വിഭാഗം മത്സരാർത്ഥികളെ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: