ലോകത്തെ നാൽപ്പത്തിയെട്ട് ശതമാനം കുട്ടികൾക്കും മുലപ്പാൽ ലഭിക്കുന്നുണ്ടെന്ന് യൂണിസെഫും ലോകാരോഗ്യസംഘടനയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിലവിലെ സാഹചര്യത്തിൽ, ആറു മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് മുലപ്പാൽ നൽകുന്നതിന് കൂടുതൽ അമ്മമാർക്ക് സാധിക്കുന്നുണ്ടെന്നും, അതുവഴി കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിലായി ഇക്കാര്യത്തിൽ പത്ത് ശതമാനത്തോളം വർദ്ധനവാണുണ്ടായിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും, ലോകാരോഗ്യസംഘടനയും ചേർന്ന് ഓഗസ്റ്റ് ഒന്നാം തീയതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആയിരക്കണക്കിന് കുട്ടികളുടെ ജീവനാണ് മുലയൂട്ടൽ വഴി സുരക്ഷിതമായിരിക്കുന്നതെന്നും, ഇത് തികച്ചും ശുഭകരമായ ഒരു ചുവടുവയ്‌പ്പാണെന്നും യൂണിസെഫ് അദ്ധ്യക്ഷ കാതറിൻ റസ്സലും, ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്യക്ഷൻ തെദ്രോസ് അദനോം ഗെബ്രിയ്സൂസും പ്രസ്താവിച്ചു. 2025-ഓടെ മുലയൂട്ടൽ ശതമാനം അൻപത് ശതമാനം കുട്ടികൾക്കെങ്കിലും ഉറപ്പുവരുത്തുക എന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട വിവിധ പ്രതികൂലസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും, അവ അഭിമുഖീകരിക്കപ്പെടേണ്ടവയാണെന്നും പ്രസ്‌താവനയിൽ ഇരുസംഘടനകളും വ്യക്തമാക്കി.
മുലയൂട്ടൽ തോത് വർദ്ധിപ്പിക്കുന്നതിലൂടെ വർഷംതോറും എട്ടുലക്ഷത്തിലധികം (820000) ജീവനുകളാണ് രക്ഷിക്കാനാ കുന്നതെന്നും, തങ്ങളുടെ മക്കൾക്ക് മുലപ്പാൽ നൽകാനുള്ള സാഹചര്യം ലഭിച്ചാൽ എല്ലാ അമ്മമാരും അതുപയോഗപ്പെടുത്തുമെന്നും പ്രസ്താവനയിൽ യൂണിസെഫും ലോകാരോഗ്യസംഘടനയും എഴുതി.
വിവിധ രോഗങ്ങളിലും, ശൈശവമരണങ്ങളിലും നിന്ന് നിരവധി കുട്ടികളെ സംരക്ഷിക്കാൻ മുലയൂട്ടലിന് സാധിക്കുമെന്ന് വിശദീകരിച്ച ഐക്യരാഷ്ട്രസഭാസംഘടനകൾ, പ്രകൃതിദുരന്തം പോലെയുള്ള അടിയന്തിരസാഹചര്യങ്ങളിൽ ഇത് ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കി. കുട്ടികളിൽ അസുഖങ്ങളും, അമ്മമാരിൽ ചില സംക്രമികരോഗങ്ങൾ, കാൻസർ തുടങ്ങിയവയും ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുമെന്ന് പ്രസ്‌താവന വിശദീകരിക്കുന്നു.
കുട്ടികൾക്ക് മുലപ്പാൽ ലഭ്യമാകുന്നത് ഉറപ്പാക്കാനായി, ജോലിയുമായി ബന്ധപ്പെട്ട ഇടങ്ങളിലും, കുടുംബങ്ങളിലും ശ്രമങ്ങൾ നടക്കണമെന്നും, മുലപ്പാലിന് പകരമായി നൽകാൻവേണ്ടി ഉദ്‌പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ വ്യവസായം കൂടുതൽ നിയന്ത്രിതമാക്കണമെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: