തിരയുക

മരുന്നുകളുമായെത്തിയ ട്രക്ക് റാഫാ അതിർത്തിയിൽ കാത്തുകിടക്കുന്നു - ഫയൽ ചിത്രം മരുന്നുകളുമായെത്തിയ ട്രക്ക് റാഫാ അതിർത്തിയിൽ കാത്തുകിടക്കുന്നു - ഫയൽ ചിത്രം  (ANSA)

ഗാസാ മുനമ്പിൽ സന്നദ്ധസേവനം തടസ്സപ്പെടുന്നു: സേവ് ദി ചിൽഡ്രൻ

പാലസ്തീനാ-ഇസ്രായേൽ യുദ്ധം ആരംഭിച്ചിട്ട് ഏതാണ്ട് 300 ദിവസങ്ങൾ ആകുമ്പോൾ, മനുഷ്യവാസപ്രദേശങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും, താമസസ്ഥലങ്ങളിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറാൻ ഗാസയിലെ ജനങ്ങളോടുള്ള ഇസ്രയേലിന്റെ നിരന്തര നിർദ്ദേശങ്ങളും, സന്നദ്ധസേവകരുടെ മരണങ്ങളും മൂലം ഗാസാ മുനമ്പിൽ സഹായസേവനശ്രമങ്ങൾ സ്തംഭിക്കപ്പെടുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ തന്നെ നിർദ്ദേശിച്ച മനുഷ്യവാസപ്രദേശങ്ങളിൽ ഇസ്രയേലിന്റെ വ്യോമസേന ശക്തമായ ആക്രമണം അഴിച്ചുവിടുന്നതിനാലും, അതിർത്തിപ്രദേശങ്ങളിലെ സേവനങ്ങളിലെ തടസ്സങ്ങൾ മൂലവും, പലപ്പോഴും അതിർത്തികൾ അടച്ചിടുന്നതിനാലും, ഗാസാ പ്രദേശത്തെ ജനങ്ങൾക്ക് മാനവികസഹായമെത്തിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നുവെന്ന് ഇരുപതോളം മാനവികസഹായസംഘങ്ങൾ മുന്നറിയിപ്പ് നൽകിയാതായി ജൂലൈ 30 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന വ്യക്തമാക്കി.

പാലസ്തീനാ-ഇസ്രായേൽ യുദ്ധം ആരംഭിച്ചിട്ട് മുന്നോറോളം ദിവസങ്ങൾ ആകുമ്പോൾ, തങ്ങളുടെ വസതികളിൽനിന്ന് ഇറക്കപ്പെട്ട പാലസ്തീൻ ജനതയോട് നിരന്തരം അവരുടെ താമസസ്ഥലം മാറാൻ ഇസ്രായേൽ നിർബന്ധിക്കുകയും, അതിന് ആവശ്യമുള്ള സമയം നൽകാതിരിക്കുകയും, വ്യോമാക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നത് സാധാരണജനത്തിന് ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ അന്താരാഷ്ട്രസംഘടന പ്രസ്‌താവിച്ചു.

ജൂലൈ 23-ന് ഖാൻ യൂനിസിൽ ഉണ്ടായ ആക്രമണത്തിൽ 73 പേർ മരണമടഞ്ഞെന്നും, 270 പേർക്ക് പരിക്കേറ്റെന്നും, ഗാസാ ആരോഗ്യമന്ത്രാലയത്തെ പരാമർശിച്ച് സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് ചെയ്തു. ഗാസായുടെ എൺപത് ശതമാനം പ്രദേശവും അപകടമേഖലയായി പ്രഖ്യാപിച്ച ഇസ്രായേൽ, ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങളെ ഗാസയുടെ പതിനേഴ് ശതമാനം വരുന്ന ഭൂപ്രദേശത്ത് താമസിക്കാൻ നിർബന്ധിച്ചിരിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.

ജൂലൈ 13-ന് ഒരു സർക്കാരിതര സന്നദ്ധസംഘടനയുടെ രണ്ട് പാലസ്തീൻ അംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച സേവ് ദി ചിൽഡ്രൻ, അതിർത്തിപ്രദേശങ്ങളിലെ സേവനങ്ങ ൾ ഉറപ്പാക്കുന്നതിൽ വരുന്ന താമസം മൂലം മാനവികസഹായമെത്തിക്കുന്നത് ബുദ്ധിമുട്ടേറുകയാണെന്ന് കുറ്റപ്പെടുത്തി.

വിവിധ സന്നദ്ധസേവനസംഘടനകളും പൊതുജനത്തിനായുള്ള അത്യാവശ്യവസ്തുക്കൾ സംഭരിച്ച് അതിർത്തിപ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഗാസായിലേക്ക് അവ എത്തിക്കുന്നത് തടസ്സപ്പെടുകയാണെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു. ഗ്യാസായിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന മരുന്നുകൾ പോലും ഏതാണ്ട് ഒരു മാസത്തോളം അതിർത്തിയിൽ തടഞ്ഞുവയ്ക്കപ്പെട്ടിരുന്നുവെന്ന് സംഘടന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2024, 15:32