റോമിലെ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാളിന് തുടക്കം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
എ.ഡി. 358-ൽ ലിബീരിയസ് പാപ്പായുടെ കാലത്ത് റോമിൽ നടന്ന അത്ഭുതകരമായ സംഭവത്തിന്റെ സ്മരണയ്ക്കായി, പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിച്ചിരിക്കുന്ന റോമിലെ മേരി മേജർ ബസിലിക്കയിൽ, മഞ്ഞുമാതാവിന്റെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. തിരുനാളിനു മുന്നോടിയായുള്ള മൂന്നുദിവസത്തെ ഒരുക്കശുശ്രൂഷകൾ ആഗസ്റ്റ് മാസം രണ്ടാം തീയതി തുടങ്ങി.
മൂന്നുദിവസങ്ങളിലായി വിശുദ്ധ കുർബാനയും, മറ്റു പ്രാർത്ഥനാശുശ്രൂഷകളും നടക്കും. പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് സായാഹ്നപ്രാർത്ഥനയും, തുടർന്ന് വിശുദ്ധബലിയും നടക്കും. തദവസരത്തിൽ ഫ്രാൻസിസ് പാപ്പായും പ്രാർത്ഥനകളിൽ സന്നിഹിതനാകും. സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള മറിയത്തിന്റെ സ്തോത്രഗീത അവസരത്തിൽ പാരമ്പര്യത്തിലുള്ള അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിക്കും.
തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്കു മുൻപും, പിൻപും ഫ്രാൻസിസ് പാപ്പാ ഈ ബസിലിക്കയിൽ വരികയും, അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രമായ സാലൂസ് പോപ്പോളി റൊമാനിക്കു മുൻപിൽ പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
അഞ്ചാം തീയതിയിൽ നടക്കുന്ന ശുശ്രൂഷകളിൽ നിരവധി ആളുകൾ സംബന്ധിക്കുന്നതിനാൽ പ്രവേശനത്തിനുള്ള ടിക്കറ്റുകൾ ബസിലിക്കയുടെ സങ്കീർത്തിയിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നും ബസിലിക്ക അധികൃതർ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: