തിരയുക

യസീദി കുട്ടികൾ - ഇറാക്കിൽനിന്നുള്ള ഒരു ദൃശ്യം യസീദി കുട്ടികൾ - ഇറാക്കിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ഇറാക്കിലെ യസീദി വംശഹത്യ: ഇനിയും 1300 കുട്ടികളെ കാണ്മാനില്ലെന്ന് സേവ് ദി ചിൽഡ്രൻ

ഇറാക്കിൽ നടന്ന വംശഹത്യയുടെ പത്തുവർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും 1300 യസീദി കുട്ടികളെ കണ്ടുകിട്ടിയിട്ടില്ലെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. യസീദി കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി എല്ലാവിധ പിന്തുണയും നൽകണമെന്ന് അന്താരാഷ്ട്ര, ദേശീയ അധികാരികളോട് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യ അവസാനിച്ച് പത്തുവർഷങ്ങൾ പിന്നിടുമ്പോഴും ഇറാക്കിൽ കാണാതായ 1300 യസീദി കുട്ടികളെ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ആയിരക്കണക്കിന് യസീദി കുട്ടികളും അവരുടെ കുടുംബങ്ങളും ഇപ്പോഴും ഭവനരഹിതരാണെന്നും, സിൻജാറിലുള്ള കൂടാരങ്ങളിലും, മറ്റു പുറമ്പോക്ക് പ്രദേശങ്ങളിലുമാണ് അവർ കഴിയുന്നതെന്നും ഓഗസ്റ്റ് 1 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

ഇറാക്കിലെ യസീദി കുട്ടികളുടെ മെച്ചപ്പെട്ട ജീവിതവും മാനസികാരോഗ്യവും ഉറപ്പാക്കാൻ വേണ്ട സഹായസഹകരണങ്ങൾ ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര, ദേശീയ നേതൃത്വങ്ങളോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. ഈ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കാൻ വേണ്ട സാമ്പത്തികനിക്ഷേപം നടത്തണമെന്നും അതുവഴി, സംഘർഷങ്ങളിൽ കുടിയിറക്കപ്പെട്ട ഈ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കണമെന്നും സംഘടന ഓർമ്മിപ്പിച്ചു.

2014 ഓഗസ്റ്റ് 3-ന് ഇറാക്കിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ ആരംഭിച്ച ആക്രമണങ്ങളിൽ പതിനായിരത്തോളം യസീദികൾ കൊല്ലപ്പെട്ടിരുന്നുവെന്ന് വിവിധ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇവരിൽ പകുതിയും കുട്ടികളായിരുന്നു. തുടർന്ന് സിഞ്ചാർ മലനിരകളിലേക്ക് കുടിയേറിയ യസീദി കുട്ടികളിൽ പലരും, മുൻ സംഘർഷങ്ങളിൽ നേരിട്ട പരിക്കുകൾ മൂലവും, ഭക്ഷണ, ജല ലഭ്യതക്കുറവ് മൂലവും മരണമടഞ്ഞിരുന്നു. നാലു ലക്ഷത്തോളം യസീദികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ കുടിയിറക്കിയത്.

നാദിയ എന്ന ഉപവിസംഘടനയുടെ റിപ്പോർട്ട് പ്രകാരം, ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 6400 യസീദികളിൽ പകുതിയോളം കുട്ടികളായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ ഏഴുവയസ്സ് മുതലുള്ള ആൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനികപരിശീലനത്തിനും, ഒൻപത് വയസ്സ് മുതലുള്ള പല പെൺകുട്ടികളെയും ലൈംഗിക അടിമത്തത്തിനുമായി ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിച്ചുവെന്ന് സേവ് ദി ചിൽഡ്രൻ 2014-ൽ റിപ്പോർട്ട് ചെയ്‌തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ ലൈംഗികമായി ദുരുപയോഗിച്ചുവെന്നും സംഘടന അറിയിച്ചിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം 2700 യസീദികളെ കണ്ടുകിട്ടിയിട്ടില്ല. ഇവരിൽ 1300 പേർ കുട്ടികളായിരുന്നപ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നും, പലർക്കും ഇപ്പോഴും 18 വയസ്സ് തികഞ്ഞിട്ടില്ലെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു

യസീദികളുടെ പുനരധിവാസം ഉറപ്പാക്കാനും, അവർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കാനും സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസമൂഹത്തോടും ഇറാക്കിലെ ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ടു. 1991 മുതൽ സേവ് ദി ചിൽഡ്രൻ സംഘടന ഇറാക്കിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2024, 14:54