തിരയുക

ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ 

ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെ സ്വരമുയർത്തി പരിശുദ്ധ സിംഹാസനം

അണവായുധങ്ങളും അവയുടെ വ്യാപനവും മാനവരാശിയുടെ നിലനിൽപ്പിനുനേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പരിശുദ്ധസിംഹാസനം ഉത്കണ്ഠക്കപ്പെടുന്നുവെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ. ആണവവ്യാപനവും ആണവായുധ നിർമ്മാണവും, ഉപയോഗവും അവസാനിപ്പിക്കേണ്ടത് മാനവികതയുടെ ആവശ്യം. ആത്മാർത്ഥമായ പരസ്പരസംവാദങ്ങൾ സമാധാനസ്ഥാപനത്തിലേക്ക് നയിക്കണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആണവായുധങ്ങളുടെ ഉപയോഗം തടയുന്നത് ഏറെ ബുദ്ധിമുട്ടേറിയതാകുന്ന വിധത്തിൽ, ആണവായുധങ്ങളുടെ എണ്ണം കൂടുകയും, അവ ആധുനികവത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, അണവായുധങ്ങളും അവയുടെ വ്യാപനവും മാനവരാശിയുടെ നേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പരിശുദ്ധ സിംഹാസനം ഉത്കണ്ഠപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജെനീവയിലുള്ള ഓഫിസിലേക്കും, അവിടെയുള്ള മറ്റ് അന്താരാഷ്ട്രസംഘടനകളിലേക്കുമുള്ള വത്തിക്കാൻ നയതന്ത്ര പ്രതിനിധി ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ പ്രസ്‌താവിച്ചു. ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രത്തിൽ ജൂലൈ 23 ചൊവ്വാഴ്ച "ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെയുളള കരാറിനെക്കുറിച്ചുള്ള 2026  അവലോകസമ്മേളന"ത്തിന്റെ രണ്ടാമത് പ്രാരംഭ കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവായുധങ്ങൾ നിർമ്മിക്കുന്നതിന്റെയും കൈവശം വയ്ക്കുന്നതിന്റെയും അധാർമ്മികതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ അടുത്തിടെ പ്രസ്‌താവിച്ചതിനെ പരാമർശിച്ച വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച്ബിഷപ് ബാലസ്ത്രെറോ,ആണവായുധങ്ങളുടെ ഉപയോഗം തിരുത്താനാകാത്ത തിക്തഫലങ്ങൾ ഉളവാക്കുകയും, മുൻപില്ലാത്തവിധത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകാൻ കാരണമാവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിച്ചു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്ന രാജ്യങ്ങൾ, സ്വാര്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടി, അവ ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഏറിവരികയെണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഉക്രൈനിൽ നടന്നുവരുന്ന യുദ്ധം പോലെയുള്ള സായുധസംഘർഷങ്ങൾ, നിരന്തരമുള്ള പരസ്പരസംവാദങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞ ആർച്ച്ബിഷപ് ബാലസ്ത്രെറോ, ആണവായുധങ്ങളും, കടുത്ത പ്രഹരശേഷിയുള്ള ആയുധങ്ങളും സമാധാനസ്ഥാപനസാധ്യതയെക്കുറിച്ചുള്ള മിഥ്യധാരണകൾ മാത്രമാണ് ഉളവാക്കുന്നതെന്നും, വലിയൊരു അപകടസാധ്യതയാണ് അവ സൃഷ്ടിക്കുന്നതെന്നും പ്രസ്‌താവിച്ചു.

ആണവായുധവ്യാപനം തടയേണ്ടതിന്റെയും, നിരായുധീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും, സത്യസന്ധമായ ചർച്ചകളും സംവാദങ്ങളും പുനഃരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ആണവായുധങ്ങൾക്കായി ചിലവഴിക്കുന്ന വൻതുക പൊതുനന്മയ്ക്കായി നീക്കിവയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സദസ്സിനെ അനുസ്മരിപ്പിച്ചു. ഇതിലേക്കായി ഒരു പൊതുഫണ്ട് സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിശുദ്ധസിംഹാസനം മുൻപുതന്നെ മുന്നോട്ടുവച്ചിട്ടുള്ള ആശയം അദ്ദേഹം വീണ്ടും അവതരിപ്പിച്ചു.

ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകം സാധ്യമാണെന്നും, അത് ഒരു ആവശ്യമാണെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബോധ്യം വത്തിക്കാൻ നയതന്ത്രജ്ഞൻ ആവർത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾക്ക് മുന്നിലും, ഒരേ മാനവകുടുംബത്തിലെ അംഗങ്ങളാണ് നാമെല്ലാവരുമെന്നത് അനുസ്മരിക്കേണ്ടതിന്റെ ആവശ്യവും ആർച്ച്ബിഷപ് ബാലസ്ത്രെറോ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2024, 17:19