സമാധാനം: സത്യം, നീതി, ഉപവി, സ്വാതന്ത്യം എന്നിവയുടെ സംക്ഷിപ്തരൂപം, ആർച്ചുബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം എന്നത് അപരരെ, അവരുടെ അന്യാധീനപ്പെടുത്താനാവാത്ത അന്തസ്സിൽ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ബന്ധങ്ങളുടെ ഫലമാണ് എന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.
ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, സമാധാനസംസ്കൃതിയെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ഉന്നതതല യോഗത്തെ ആഗസ്റ്റ് 2-ന് സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശയം പങ്കുവച്ചത്.
എല്ലാ വ്യക്തികളുടെയും ജനതകളുടെയും സമഗ്ര പുരോഗതിക്കായുള്ള സഹകരണത്തിൻറെയും പ്രതിബദ്ധതയുടെയും ഫലവുമാണ് ശാന്തി എന്ന പാപ്പായുടെ ബോധ്യവും ആർച്ചുബിഷപ്പ് കാച്ച ആവർത്തിച്ചു. സമാധാനം സംസ്കാരം പിന്തുടരുമ്പോൾ ഒരോ വ്യക്തിയുടെയും സഹജമായ ഔന്നത്യം അംഗീകരിക്കുകയെന്നത് അത്യന്താപേക്ഷിതമാണെന്ന് സത്യവും ശാന്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പരാമർശിക്കവെ അദ്ദേഹം പ്രസ്താവിച്ചു.
സമാധാനത്തിനായുള്ള യത്നം നീതി സംസ്ഥാപനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാൽ ദാരിദ്ര്യം, പട്ടിണി, അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ട് സാമൂഹികവും സാമ്പത്തികവുമായ നീതി പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആർച്ചുബിഷപ്പ് കാച്ച വിശദീകരിച്ചു.
അതുപോലെതന്നെ സമാധാനം വാഴുന്ന ഒരു ലോകത്തിൻറെ നിർമ്മിതിക്ക് ഐക്യദാർഢ്യം ആഗോളവത്ക്കരിക്കപ്പെടേണ്ടതിൻറെ പ്രാധാന്യം അദ്ദേഹം, സമാധാനവും ജീവകാരുണ്യപ്രവർത്തനവും അഥവാ, ഉപവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പരാമർശിക്കവെ ചൂണ്ടിക്കാട്ടി. ഉണ്ടായിട്ടുള്ള വികസന നേട്ടങ്ങൾ രാജ്യത്തിനകത്തും രാജ്യങ്ങൾക്കിടയിലും തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതിൻറെ ആവശ്യകതയും ആർച്ചുബിഷപ്പ് കാച്ച എടുത്തുകാട്ടുകയും എന്നാൽ അപ്രകാരം സംഭവിക്കുന്നില്ല എന്ന വസ്തുതയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
സമാധാനത്തിൽ സ്വാതന്ത്ര്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ച അദ്ദേഹം മനുഷ്യവ്യക്തിയുടെ വളർച്ചയിൽ സ്വാതന്ത്ര്യം മൗലികമായ ഒരു മുൻവ്യവസ്ഥയാണെന്നും വ്യക്തികൾക്ക് അവരുടെ മതമോ വിശ്വാസങ്ങളോ സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവരുടെ ആഗ്രഹങ്ങൾ പിന്തുടരാനും സമൂഹ ജീവിതത്തിൽ പങ്കുചേരാനും ഉള്ള സ്വാതന്ത്ര്യം സമാധാന സംസ്കാരത്തിൻറെ സ്ഥാപനത്തിന് അനിവാര്യമാണെന്നും പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: