ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന "വിശുദ്ധ വാതിലുകൾ" സംബന്ധിച്ച് വിശദീകരണം നൽകി വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പാ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും, മറ്റ് മൂന്ന് പേപ്പൽ ബസലിക്കകളിലും, പാപ്പായുടെ പ്രത്യേക ആഗ്രഹപ്രകാരം ഒരു ജയിലിലുമായിരിക്കും "വിശുദ്ധ വാതിലുകൾ" തുറക്കപ്പെടുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡികാസ്റ്ററി വ്യക്തമാക്കി. വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് പുറമെ, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക, മേരി മേജർ ബസലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസലിക്ക എന്നീ പേപ്പൽ ബസലിക്കകളിലായിരിക്കും, സഭ ജൂബിലിയോടനുബന്ധിച്ചുള്ള "വിശുദ്ധ വാതിലുകൾ" തുറക്കുക.
2025-ലെ ജൂബിലി വർഷത്തിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ചുള്ള ബൂളയുടെ ആറാം ഖണ്ഡികയിൽ നാല് പേപ്പൽ ബസലിക്കകളിലും ഒരു തടവറയിലെ വിശ്വാസികൾക്കായി പ്രത്യേക വാതിൽ തുറക്കുന്നത് സംബന്ധിച്ച് പാപ്പാ എഴുതിയത് ഡികാസ്റ്ററി ഉദ്ധരിച്ചു. പതിവിൽനിന്ന് വ്യത്യസ്തമായി, തടവുകാർക്ക് ദൈവകാരുണ്യത്തിന്റെ മൂർത്തമായ ഒരു അടയാളം നൽകുക എന്ന ഉദ്ദേശം മുൻനിറുത്തി, ഒരു ജയിലിലും "വിശുദ്ധ വാതിൽ" തുറക്കുന്നതിന് പാപ്പാ ഇത്തവണ തീരുമാനിക്കുകയായിരുന്നു എന്നും ഡികാസ്റ്ററി പ്രസ്‌താവിച്ചു (ബൂളയുടെ പത്താം ഖണ്ഡിക).
ജൂബിലിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ, അന്തർദേശീയതീർത്ഥാടന കേന്ദ്രങ്ങളിലും "വിശുദ്ധ വാതിലുകൾ" തുറക്കുവാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവന്ന നിരവധി ചോദ്യങ്ങളുടെ മുന്നിലാണ് സഭ ഔദ്യോഗികമായി ഇങ്ങനെ ഒരു വിശദീകരണം നൽകിയത്.
1300-ൽ ആഘോഷിക്കപ്പെട്ട ജൂബിലി വർഷം മുതൽ സഭയിലുള്ള പതിവുപോലെ, ഇത്തവണയും, ദണ്ഡവിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാനചോദ്യങ്ങൾക്കായുള്ള വിഭാഗം വ്യക്‌തമാക്കി. അതിരുകളില്ലാത്ത ദൈവകരുണയുടെ അടയാളമാണ് ഇതിലൂടെ നമുക്ക് വ്യക്തമാകുന്നതെന്നും ഡികാസ്റ്ററി വിശദീകരിച്ചു.
ജൂബിലി വർഷത്തിലെ അനുഗ്രഹത്തിന്റെ നിമിഷങ്ങൾ, അപ്പസ്തോലിക പെനിറ്റെൻഷ്യറി 2024 മെയ് 13-ന് നൽകിയ നിർദ്ദേശങ്ങളനുസരിച്ചും, സൂചിപ്പിക്കപ്പെട്ട ഇടങ്ങളിലും, അവയുടെ പൂർണ്ണതയിൽ ജീവിക്കാൻ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ആഹ്വാനം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: